മറയൂര്‍: മറയൂരിന് സമീപം ലക്കം ആദിവാസി കോളനിയില്‍നിന്ന് ഗ്രാന്റീസ് തടികള്‍ പ്രധാന റോഡിലേക്ക് കൊണ്ടുവന്ന ജീപ്പ് മറിഞ്ഞ് യുവാവ് മരിച്ചു. കാന്തല്ലൂര്‍ പാമ്പന്‍പാറ സ്വദേശി അരുണ്‍ കുമാറാണ് (21) മരിച്ചത്. ഉച്ചയോടെ ലക്കത്തുനിന്ന് തടി കയറ്റി വന്ന ജീപ്പ് കോണ്‍ക്രീറ്റ് റോഡിന്റെ വശം ഇടിഞ്ഞുതാഴ്ന്നതിനെത്തുടര്‍ന്ന് 60 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അരുണ്‍ കുമാറും സഹായിയായ സുഹൃത്ത് ശിവയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അരുണ്‍കുമാര്‍ വാഹനത്തിന് അടിയില്‍പെടുകയായിരുന്നു. പരിക്കുകളോടെ മറയൂര്‍ സഹായഗിരി ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സക്ക് അടിമാലിയിലേക്ക് കൊണ്ടുപോകും വഴി മൂന്നാറിന് സമീപത്തുവെച്ച് മരിച്ചു. മറയൂര്‍ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തീകരിച്ച് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി. ശിവ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. പിതാവ്: തമിഴ് സെൽവം. മാതാവ്: കുട്ടിയമ്മ. സഹോദരങ്ങള്‍: കൃഷ്ണപ്രഭു, വേല്മുരുകന്.