കുമളി: പച്ചയായ മണ്ണിന്റെയും പതിതരായ മനുഷ്യരുടെയും ആത്മനൊമ്പരങ്ങൾ കവിതയിലേക്ക് പകർത്തിയ കവിയും പുല്ലാങ്കുഴൽ വാദകനുമായ ബിനു എം. പള്ളിപ്പാട് അന്തരിച്ചു. 47 വയസ്സായിരുന്നു. പാൻക്രിയാസിലെ രോഗബാധയെത്തുടർന്ന് രണ്ടാഴ്ചയോളമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1974ൽ ഹരിപ്പാടിനുസമീപം പള്ളിപ്പാടാണ് ജനനം. പള്ളിപ്പാട് നടുവട്ടം ഹൈസ്കൂളിലും പരുമല ദേവസ്വം ബോർഡ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. കുമളിയിലായിരുന്നു താമസം. 1993 മുതൽ ആനുകാലികങ്ങളിൽ കവിതകൾ എഴുതിത്തുടങ്ങി. പുല്ലാങ്കുഴൽ വാദകനായി ബാവുൽ ഗായകർക്കൊപ്പം കേരളത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സഞ്ചരിച്ച് സംഗീത പരിപാടികൾ അവതരിപ്പിച്ചു. പിതാവ്: മയിലൻ. മാതാവ്: ചെല്ലമ്മ. ഭാര്യ: കെ.ആർ. അമ്പിളി (അമരാവതി ഗവ.ഹൈസ്കൂൾ അധ്യാപിക). സഹോദരങ്ങൾ: ബിജു, മിനി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഹരിപ്പാട് പള്ളിപ്പാട്ടെ വീട്ടുവളപ്പിൽ.
പ്രകൃതിയെയും കീഴാള ജീവിതങ്ങളെയും നൈസർഗികത ചോരാതെ തന്റെ സൃഷ്ടികളിലൂടെ ആവിഷ്കരിച്ച ദലിത് കവിതയിലെ തീക്ഷ്ണ സാന്നിധ്യമായിരുന്നു ബിനു. 2009ൽ പുറത്തിറങ്ങിയ ‘പാലറ്റ്’ ആണ് ആദ്യ കവിതാസമാഹാരം. അവർ കുഞ്ഞിനെ തേടുമ്പോൾ (2013), തമിഴ് കവി എൻ.ഡി. രാജ്കുമാറിന്റെ സമ്പൂർണ കവിതകൾ തുടങ്ങിയവയാണ് മറ്റ് പുസ്തകങ്ങൾ. സി.സി. ചെല്ലപ്പയുടെ ‘ജല്ലിക്കെട്ട്’ എന്ന നോവൽ രാജ്കുമാറുമൊത്ത് മലയാളത്തിലേക്ക് മൊഴിമാറ്റി. പാലുവം പെണ്ണ് എന്ന ദീർഘകാവ്യം അടുത്തിടെയാണ് പ്രസിദ്ധീകരിച്ചത്. എം.ജി, മദ്രാസ്, കേരള സർവകലാശാലകൾ ബിനുവിന്റെ കവിതകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പുറത്തിറക്കിയ സൗത്ത് ഇന്ത്യൻ ദലിത് ആന്തോളജിയിലും ബിനുവിന്റെ കവിത ഉൾപ്പെടുത്തി. കുമളിയിലെ സാമൂഹിക സാഹിത്യ കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു.