ചിറ്റൂർ: യുവതി ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. നല്ലേപ്പിള്ളി കലയൻകൊളമ്പ് സന്തോഷിന്റെ ഭാര്യ മഞ്ജു (26) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ശുചിമുറിയിലേക്ക് പോയ മഞ്ജുവിനെ കുറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഭർത്താവും നാട്ടുകാരും നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ ഉപയോഗശൂന്യമായ ആൾമറയില്ലാത്ത കിണറ്റിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഡെപ്യൂട്ടി താഹസിൽദാർ വിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. അസ്വാഭാവിക മരണത്തിന് ചിറ്റൂർ പൊലീസ് കേസെടുത്തു. മഴയിൽ കാൽ വഴുതി കിണറ്റിൽ വീണതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തമിഴ്നാട് ഗുഢല്ലൂർ സ്വദേശിയാണ് മഞ്ജു. ഒന്നരവർഷം മുമ്പാണ് വിവാഹം കഴിഞ്ഞത്. അഞ്ചുമാസം പ്രായമായ കുഞ്ഞുണ്ട്. ഭർത്താവ് സന്തോഷ് സ്വർണപ്പണിക്കാരനാണ്.