മയ്യനാട്: സി.പി.എം നേതാവും പ്രമുഖ സഹകാരിയും കേരള പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന മയ്യനാട് സുമതി ഭവനിൽ ഡി. ബാലചന്ദ്രൻ (90) നിര്യാതനായി. കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂനിയൻ സ്ഥാപകനേതാവും സംസ്ഥാന സെക്രട്ടറിയും കൊല്ലം എൻ.എസ് ഹോസ്പിറ്റൽ സ്ഥാപക സെക്രട്ടറിയുമായിരുന്നു. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചു. മയ്യനാട് എൽ.ആർ.സി ലൈബ്രറി പ്രസിഡന്റ്, നവരംഗം കഥകളിസമിതി പ്രസിഡന്റ്, മയ്യനാട് റീജനൽ കോപറേറ്റീവ് ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു.മികച്ച സഹകാരിക്കുള്ള സംസ്ഥാന അവാർഡ്, മികച്ച ഗ്രന്ഥശാല പ്രവർത്തനത്തിനുള്ള സംസ്ഥാന അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മയ്യനാട് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആയാണ് സർവിസിൽനിന്ന് വിരമിച്ചത്. മയ്യനാട് ഹൈസ്കൂൾ റിട്ട. അധ്യാപിക പി. ലീലാവതിയാണ് ഭാര്യ. മക്കൾ: ബി.സി. ജോജോ (കേരളകൗമുദി മുൻ എക്സിക്യുട്ടിവ് എഡിറ്റർ), ബി.സി ജോഷി (ചലച്ചിത്ര നിർമാതാവ്). മരുമക്കൾ ഡോ. ടി.കെ. സുഷമ (വർക്കല എസ്.എൻ കോളജ് റിട്ട. അസോ. പ്രഫസർ), എസ്. ബിന്ദു (മയ്യനാട് ഹയർസെക്കൻഡറി ഹൈസ്കൂൾ റിട്ട.അധ്യാപിക).