റാന്നി: ബഹ്റൈനിൽ കാർ കടലിൽ വീണ് പ്രവാസി മലയാളി മരിച്ചു. പുതുശ്ശേരിമല പടിഞ്ഞാറ്റേതിൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ ശ്രീജിത്ത് ഗോപാലകൃഷ്ണനാണ് (42) മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു അപകടം. സിത്ര കോസ്വേയിലൂടെ സഞ്ചരിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കടലിൽ വീഴുകയായിരുന്നു. വെള്ളത്തിൽ മുങ്ങിയ കാറിൽനിന്ന് ആദ്യം നീന്തി രക്ഷപ്പെട്ട ശ്രീജിത്ത് ചില രേഖകൾ അടങ്ങിയ ബാഗ് വീണ്ടെടുക്കാൻ തിരിച്ചുനീന്തിയപ്പോൾ തിരയിൽ അകപ്പെടുകയായിരുന്നു. സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. ബഹ്റൈനിൽ റോക്ക് ൻ ഹോം മാർബിൾ ആൻഡ് ഗ്രാനൈറ്റ് എന്ന സ്ഥാപനം നടത്തുകയായിരുന്നു. മാതാവ്: ആനന്ദവല്ലി. ഭാര്യ: വിദ്യ അൽ മഹദ് സ്കൂളിൽ അധ്യാപികയാണ്. മക്കൾ: അഭിജിത്ത് (എൻജിനീയറിങ് വിദ്യാർഥി), മാളവിക, ദേവിക (ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ).