തൃപ്രയാർ: വലപ്പാട് കോതകുളത്ത് കവുങ്ങ് മുറിക്കുന്നതിനിടെ ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കരയാമുട്ടം സ്വദേശി മണത്തല വീട്ടിൽ തിലകൻ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ കോതകുളം പടിഞ്ഞാറ് വേളേക്കാട്ട് പട്ടാലി സുമേഷിന്റെ പറമ്പിലെ കവുങ്ങ് വെട്ടിമാറ്റുന്നതിനിടെയാണ് സംഭവം. തിലകനും മറ്റൊരു തൊഴിലാളിയും ചേർന്നാണ് കവുങ്ങ് മുറിച്ചിരുന്നത്. കൂടെയുണ്ടായിരുന്നയാൾ തൊട്ടടുത്ത പറമ്പിൽ നിന്ന് കവുങ്ങ് കയർ കെട്ടി വലിച്ചിടുന്നതിനിടെ തിലകന്റെ ദേഹത്ത് വീഴുകയായിരുന്നു. കവുങ്ങ് വലിച്ചിട്ടശേഷം തിരികെയെത്തിയപ്പോഴാണ് തിലകൻ കവുങ്ങിനടിയിൽപ്പെട്ട് കിടക്കുന്നത് കണ്ടത്. ഉടൻ ആംബുലൻസിൽ വലപ്പാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. വലപ്പാട് പൊലീസ് നടപടികൾ സ്വീകരിച്ചു. ഭാര്യ: പ്രേമ. മക്കൾ: പ്രദീപ്, പ്രദിജ. മരുമക്കൾ: ജിത, ഷിജു.