ഫറോക്ക്: മദ്റസ വിട്ടു വീട്ടിലേക്ക് പോകും വഴി സൈക്കിൾ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് വിദ്യാർഥി മരിച്ചു. ചെറുവണ്ണൂർ കൊളത്തറ അറക്കൽ പാടം അമ്മോത്ത് വീട്ടിൽ മുസാഫിർ-സാഹിന ദമ്പതികളുടെ രണ്ടാമത്തെ മകൻ മുഹമ്മദ് മിർഷാദ് (13) ആണ് മരിച്ചത്. കൊളത്തറ ആത്മവിദ്യാസംഘം യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയും കൊളത്തറ മദ്റസങ്ങാടി മുനീറുൽ ഇസ്ലാം മദ്റസ ഏഴാം ക്ലാസ് വിദ്യാർഥിയുമാണ്. രാവിലെ പതിനൊന്നരയോടെ മദ്റസ വിട്ട് വീട്ടിലേക്ക് പോകുമ്പോൾ വീടിനടുത്തുള്ള വലിയ പറമ്പ് കുളത്തിൽ സൈക്കിൾ നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. 12ഓടെ കുളത്തിൽ സൈക്കിൾ വീണുകിടക്കുന്നത് കണ്ട നാട്ടുകാർ പരിശോധിച്ചപ്പോഴാണ് പുസ്തകങ്ങളടങ്ങിയ ബാഗും ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പ്രദേശവാസികൾ ചേർന്ന് വിദ്യാർഥിയെ പുറത്തെടുക്കുകയും ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മീഞ്ചന്ത ബൈപാസിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സഹോദരങ്ങൾ: ദിൽഷാദ്, ഷിഫാന.