മതിലകം: ചിത്രകാരനും കവിയും ഗാനരചയിതാവുമായ മതിലകം ഷാജി കെ. അബ്ദു (56) നിര്യാതനായി. മതിലകം കുഴികണ്ടത്തിൽ പരേതനായ അബ്ദുവിന്റെയും നബീസയുടെയും മകനാണ്. സാമൂഹിക, സാംസ്കാരികരംഗത്തെ സജീവ സാന്നിധ്യമായിരുന്നു. മതിലകത്ത് ഡിസൈൻ അഡ്വർടൈസിങ് സ്ഥാപനം നടത്തുകയായിരുന്നു. ചാനലുകൾക്കും സംഗീത ആൽബങ്ങൾക്കും ഗാനങ്ങൾ എഴുതിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി കലോത്സവ വേദികളിലെ വിധികർത്താവാണ്. ‘ഒരു 6 ബി പെൻസിലും കുറെ ചോദ്യങ്ങളും’ കവിത സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മതിലകം സെൻറ് മേരീസ് എൽ.പി സ്കൂൾ പി.ടി.എ പ്രസിഡൻറാണ്. കലാ-സാംസ്കാരിക-സാഹിത്യ സംഘടനയായ മതിലകം ചങ്ങാതികൂട്ടം പ്രസിഡൻറും സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. തനിമ കലാസാഹിത്യ വേദി ജില്ല കമ്മിറ്റി അംഗവും മതിലകം മഹല്ല് മുൻ സെക്രട്ടറിയുമായിരുന്നു. സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു. സംസ്കാര ഖത്തർ, പയ്യന്നൂർ സൗഹൃദവേദി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ഭാര്യ: സമീറ. മക്കൾ: ഷാമിൽ (ദുബൈ), അമീന, ഫർഹ ഫാത്തിമ. സഹോദങ്ങൾ: അഷറഫ്, നവാസ്, റാഫി മതിലകം (സ്റ്റേജ് ആർട്ടിസ്റ്റ് ഗായകൻ), സീനത്ത്, ഹസീന, ഷീബ, ജാസ്മിൻ, ഷെമി, റെബീന.