റാന്നി: കോവിഡിന്റെ തുടക്കകാലത്ത് രോഗത്തെ അതിജീവിച്ച വൃദ്ധ ദമ്പതികളിൽ മറിയാമ്മ തോമസ് (91) നിര്യാതയായി. ഇറ്റലിയിൽനിന്നെത്തിയ ഇവരുടെ മക്കളിൽനിന്നാണ് മറിയാമ്മക്കും ഭർത്താവ് എബ്രഹാം തോമസിനും കോവിഡ് ബാധിച്ചത് സംസ്ഥാനത്തുതന്നെ വാർത്തയായിരുന്നു. ഭർത്താവ് എബ്രഹാം തോമസ് കഴിഞ്ഞ 2020 ഡിസംബറിൽ മരിച്ചു. ഇറ്റലിയിൽനിന്നെത്തിയ മകൻ മോനച്ചനും ഭാര്യയും മകനും പനിബാധിതരായി ആശുപത്രിയിൽ എത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. എബ്രഹാം തോമസിന് പുറമെ മക്കൾ മരുമക്കൾ ചെറുമക്കൾ അടക്കം 11പേർക്ക് പിന്നീട് രോഗം സ്ഥിരീകരിച്ചു. 2020 മാർച്ച് എട്ടിനാണ് മറിയാമ്മയെയും ഭർത്താവ് എബ്രഹാമിനെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായം കണക്കിലെടുത്ത് ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അന്ന് വളരെ വൈകിയാണ് മറിയാമ്മക്ക് കോവിഡ് നെഗറ്റിവായത്. അതിനുശേഷം ആരോഗ്യവതിയായിരുന്നു. ഇറ്റലിയിൽനിന്ന് മടങ്ങിയെത്തിയ മകനും ഭാര്യയും രണ്ടുമാസമായി നാട്ടിലുണ്ട്. മറിയാമ്മയുടെ സംസ്ക്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഐത്തല ക്നാനായ സെന്റ് കുര്യാക്കോസ് പള്ളി സെമിത്തേരിയിൽ.