പന്തളം: കുളത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പന്തളം മങ്ങാരം നാലുതുണ്ടിൽ തെക്കേതിൽ പരേതനായ ജോർജിന്റെ മകൻ ഷിജു ജോർജിന്റെ (42) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ അഗ്നിരക്ഷാസേന കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് ആറരയോടെ പന്തളം തോന്നല്ലൂർ പുവനശ്ശേരിയിലെ ആമപ്പുറത്ത് കുളത്തിലാണ് വീണത്. കൂട്ടുകാർക്കൊപ്പം എത്തിയ ഷിജു ജോർജ് മീൻ പിടിക്കുന്നതിനാണ് കുളത്തിനരികിലേക്ക് പോയതെന്ന് പറയുന്നു. ബുധനാഴ്ച രാത്രി തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താത്തതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ പത്തനംതിട്ട അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീം തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. മാതാവ്: പൊന്നമ്മ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് അറത്തിൽ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.