കോന്നി: കോന്നി വി-കോട്ടയത്ത് വയോധികയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തടത്തിൽ കോളനിയിൽ തങ്കമ്മയെയാണ് (65) മരിച്ചനിലയിൽ കണ്ടത്.
വല്ലൂപ്പാലം ചാവരുകാവിൽ വൈകീട്ട് 6.45 ഓടെയാണ് സംഭവം. ചാവരുകാവ് തോട്ടിലെ ചീപ്പിനോട് ചേർന്നാണ് വെള്ളത്തിൽ മൃതദേഹം കണ്ടത്. തൊഴിലുറപ്പ് ജോലിക്ക് പോയതായിരുന്നു. മറ്റ് തൊഴിലാളികൾ തിരികെ വീട്ടിൽ എത്തിയിട്ടും തങ്കമ്മയെ കാണാതെ അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. തലയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കോന്നി പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തി. മൃതദേഹം പത്തനംതിട്ട ആശുപത്രി മോർച്ചറിയിൽ.