പന്തളം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പൊലീസുകാരി മരിച്ചു. പത്തനംതിട്ട വനിത സ്റ്റേഷനിൽ ജോലി ചെയ്യുന്ന സി.പി.ഒ കുളനട തണങ്ങാട്ടിൽ ആർ. സനൽകുമാറിന്റെ ഭാര്യ സിൻസി പി. അസീസാണ് (35) മരിച്ചത്. കഴിഞ്ഞ 11ന് വൈകീട്ട് മൂന്നരയോടെ മെഴുവേലി കുറിയാനിപ്പള്ളി-കിടങ്ങന്നൂർ റോഡിൽ കീർത്തി സ്കൂട്ടർ വർക്ക്ഷോപ്പിനുസമീപം സിൻസി സഞ്ചരിച്ച സ്കൂട്ടറും കാറും കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ സിൻസിയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അപകടംപറ്റി വഴിയിൽക്കിടന്ന ഇവരെ ആശുപത്രിയിലെത്തിക്കാനും വൈകി. ഇലവുംതിട്ട സ്റ്റേഷനിൽനിന്ന് പൊലീസുകാരെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനകം രക്തം വാർന്നുപോവുകയും രക്തസമ്മർദം ക്രമാതീതമായി താഴുകയും ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും സെൽഫ് ഡിഫൻസ് പരിശീലനം നൽകുന്ന ചുമതല (മാസ്റ്റർ ട്രെയിനർ, വിമൻ സെൽഫ് ഡിഫൻസ്) ആയിരുന്നു സിൻസിക്ക്. മകൻ സിദ്ധാർഥ് (ഒമ്പതാം ക്ലാസ് വിദ്യാർഥി).