ഇരിങ്ങാലക്കുട: ബുധനാഴ്ച ഉച്ചയോടെ കരുവന്നൂര്‍ പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥിയുടെ മൃതദേഹം കാട്ടൂര്‍ പഞ്ചായത്തിലെ മുനയം ദ്വീപ് പരിസരത്ത് കണ്ടെത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് പുല്ലൂര്‍ അമ്പലനട ചുങ്കത്ത് വീട്ടില്‍ ജോസിന്റെ മകന് അലന് ക്രിസ്റ്റോ (17) ആണ് മരിച്ചത്. രണ്ടു ദിവസങ്ങളിലായി അഗ്നിരക്ഷസേനയും മുങ്ങല്‍ വിദഗ്ധരും പരിശോധന നടത്തിയെങ്കിലും വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്ച ഉച്ചയോടെ കരാഞ്ചിറ മുനയം ദ്വീപിന് സമീപം അജ്ഞാത മൃതദേഹം കണ്ടതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അഗ്നിരക്ഷസേന എത്തി മൃതദേഹം പുറത്തെടുത്ത് പൊലീസിന് കൈമാറി. തുടര്‍ന്ന് പൊലീസും വിദ്യാര്‍ഥിയുടെ വീട്ടുകാരും നടത്തിയ പരിശോധനയില്‍ മരിച്ചത് അലന് ക്രിസ്റ്റോയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. മാതാവ്: സോഫി. സഹോദരന്: ഡോണ്‍ ഗ്രെഷീസ്.