വാടാനപ്പള്ളി: ചേറ്റുവ പാലത്തിലെ കുഴിയിൽ വീണ സ്കൂട്ടർ പെട്ടി ഓട്ടോയുമായി കൂട്ടിയിടിച്ച് എൽഎൽ.ബി വിദ്യാർഥി തൽക്ഷണം മരിച്ചു. ഇടശ്ശേരി കിഴക്കേ മസ്ജിദിന് വടക്ക് താമസിക്കുന്ന പുത്തൻവീട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ മിസ്ബാഹാണ് (22) മരിച്ചത്. കോഴിക്കോട് ലോ കോളജിൽ അവസാന വർഷ വിദ്യാർഥിയാണ്. ശനിയാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം. മിസ്ബാഹ് ഓടിച്ച സ്കൂട്ടർ പാലത്തിലെ കുഴിയിൽ വീണതോടെ തെന്നി എതിരെ വന്നിരുന്ന പെട്ടിഓട്ടോയുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ മിസ്ബാഹിന് തലക്ക് ഗുരുതര പരിക്കേറ്റു. മാതാവ്: ജാസ്മിൻ. സഹോദരങ്ങൾ: മിസ്അബ്, ബാസിമ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് എടശ്ശേരി കിഴക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.