ഫറോക്ക്: റോഡ് മുറിച്ചുകടന്ന കാൽനടക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബൈക്ക് മറിഞ്ഞുവീണ് പരിക്കേറ്റ യുവാവ് മരിച്ചു. ഫറോക്ക് കല്ലമ്പാറ ചിറ്റോടി മച്ചിങ്ങൽ പരേതനായ അഹമ്മദ് കുട്ടിയുടെ മകൻ ഷെറിനാണ് (37) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ച മരിച്ചത്. ഒപ്പമുണ്ടായിരുന്ന മാതാവ് വേങ്ങാട്ട് സുബൈദയെ (65) പരിക്കുകളോടെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11ഓടെ ഫറോക്ക് നല്ലൂരിലാണ് അപകടം.
ചെറുവണ്ണൂരിലുള്ള സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും. റോഡിൽ വീണ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച വൈകീട്ട് വീട്ടിലെത്തിച്ച മൃതദേഹം പെരുമുഖം എണ്ണക്കാട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ അടക്കി. ഭാര്യ: ഫാത്തിമ (സ്റ്റാഫ് നഴ്സ്, ഗവ. താലൂക്ക് ആശുപത്രി, ഫറോക്ക്). മക്കൾ: അലൻ അഹമ്മദ്, ഐൻ അഹമ്മദ്. സഹോദരങ്ങൾ: കുഞ്ഞാമിന, കുഞ്ഞാലിക്കുട്ടി, ഖദീജ, റസിയ, നിസാർ, ഷെഹീർ ഖാൻ, ഷെമീം, ഷഹന.