ചാലക്കുടി: യുവാവിനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മേലൂർ പുഷ്പഗിരി കണ്ണമ്പിള്ളി വർഗീസിന്റെ മകൻ ഷൈജു (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഇയാളെ മുരിങ്ങൂരിലെ മല്ലഞ്ചിറയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമീപത്ത് മദ്യക്കുപ്പികളും മറ്റും കാണപ്പെട്ടു. മദ്യപിച്ച ശേഷം സുഹൃത്തുക്കൾ തമ്മിലുള്ള വഴക്കിനിടെ കുളത്തിൽ വീണാവാം മരിച്ചതെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിന് തൊട്ടുമുമ്പ് ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ഷിജിൽ, വിൽസൺ എന്നിവരെയാണ് കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. മരിച്ച ഷൈജു ചില ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറയുന്നു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചു. മുരിങ്ങൂർ ഡിവൈൻ ഫാമിനടുത്ത് വർക്ക്ഷോപ് നടത്തുകയാണ് ഷൈജു. അവിവാഹിതനാണ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് 5.30ന് പുഷ്പഗിരി ഫാത്തിമമാത പള്ളി സെമിത്തേരിയിൽ.