വാടാനപ്പള്ളി: ട്രോളിങ് നിരോധനം കഴിഞ്ഞ് മത്സ്യബന്ധനത്തിനായുള്ള ഒരുക്കങ്ങൾക്കിടെ ചേറ്റുവ ഹാർബറിന് സമീപം ബോട്ടിൽനിന്ന് കാൽതെറ്റി പുഴയിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. കന്യാകുമാരി മണലിക്കര ആർ.സി സ്ട്രീറ്റിൽ സുരേഷ് പീറ്ററാണ് (34) മരിച്ചത്. അമ്പാടി കണ്ണൻ എന്ന ബോട്ടിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച ബോട്ട് ഇറക്കുന്നതിന് മുന്നോടിയായി ശനിയാഴ്ച രാത്രി കരയിൽനിന്ന് ബോട്ടിലേക്ക് പലക കൈമാറുന്നതിനിടയിൽ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ മറ്റ് ബോട്ടുകളിലെ മത്സ്യത്തൊഴിലാളികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അഗ്നിരക്ഷസേനയും പൊലീസും രാത്രി 12.30ഓടെ തിരച്ചിൽ അവസാനിപ്പിച്ചു. തുടർന്ന് ഞായറാഴ്ച രാവിലെ വീണ്ടും സ്കൂബ ടീം നടത്തിയ തിരച്ചിലിലാണ് രാവിലെ 7.30ഓടെ മൃതദേഹം കണ്ടെത്തിയത്. ട്രോളിങ് നിരോധനത്തിനുശേഷം ജോലിക്ക് പോകാനായി ശനിയാഴ്ച വൈകീട്ടാണ് സുരേഷ് ചേറ്റുവയിലെത്തിയത്. അവിവാഹിതനാണ്. വാടാനപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ചു.