കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് മേത്തല മാനാഞ്ചേരി എം.എൻ. രാമകൃഷ്ണൻ (86) നിര്യാതനായി. സി.പി.ഐ ജില്ല കൗൺസിൽ മുൻ അംഗവും എ.ഐ.ടി.യു.സി നേതാവുമായിരുന്ന ഇദ്ദേഹം ദീർഘകാലം മേത്തല പഞ്ചായത്ത് അംഗവും കൊടുങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. ബാലസംഘത്തിലൂടെ പൊതുരംഗത്ത് വന്ന അദ്ദേഹം കർഷക തൊഴിലാളി, ചുമട്ടുതൊഴിലാളി യൂനിയനുകളുടെ നേതൃനിരയിൽ ഏറെക്കാലം പ്രവർത്തിച്ചു. സി.പി.ഐ നേതാക്കളായ ഇ. ഗോപാലകൃഷ്ണ മേനോൻ, വി.വി. നാരായണൻ വൈദ്യർ, പി.കെ. ഗോപാലകൃഷ്ണൻ, വി.കെ. രാജൻ എന്നിവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിൽ ആദ്യമായി തൂമ്പ തൊഴിലാളി യൂനിയൻ സംഘടിപ്പിച്ച നേതാവാണ്. നിരവധി കർഷക തൊഴിലാളി സമരങ്ങൾക്ക് നേതൃത്വം നൽകി. 47 വർഷം എൽതുരുത്ത് കയർ വ്യവസായ സംഘം പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ ഭാമ. മക്കൾ: സുർജിത്ത്, ലത, മിനി. മരുമക്കൾ: ഷീജ, പരേതരായ രമേശൻ, സന്തോഷ്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിന് നൽകി. മന്ത്രി കെ. രാജൻ ഉൾപ്പെടെ നിരവധിപേർ അന്ത്യോപചാരം അർപ്പിച്ചു.