ചാലക്കുടി: ജോലിക്ക് പോകുന്നതിനിടെ യുവതി വെള്ളക്കെട്ടിൽ തെന്നിവീണ് മരിച്ചു. കൂടെയുണ്ടായിരുന്ന സ്ത്രീക്ക് പരിക്കേറ്റു. വി.ആർ പുരം തൊറാപ്പടി ദേവീകൃഷ്ണ ശ്രീജിത്താണ് (28) മരിച്ചത്. വി.ആർ പുരം ചെമ്പോത്തുപറമ്പിൽ പൗഷ മുജീബിനാണ് (40) പരിക്ക്. ചാലക്കുടി റെയിൽവേ സ്റ്റേഷന് വടക്ക് പാലക്കുഴി പാലത്തിന് സമീപം ശനിയാഴ്ച രാവിലെ ഇരുവരും ജോലിക്ക് പോകുമ്പോഴാണ് അപകടം. പതിവായി നടക്കാറുള്ള റെയിൽവേ ബൈലെയിൻ റോഡിൽ വെള്ളം കയറിയതിനാൽ സമീപത്തെ റെയിൽ പാളത്തിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ തെന്നി പറയൻതോട്ടിലെ വെള്ളക്കെട്ടിൽ വീണു. കനത്ത മഴയെത്തുടർന്ന് നാലുദിവസമായി പറയൻതോട്ടിലും റെയിൽവേ ബൈലെയിൻ റോഡിലും വെള്ളം കയറിയിരുന്നു. വെള്ളത്തിൽ വീണ ദേവീകൃഷ്ണക്ക് ഇരുമ്പുകുറ്റിയിൽ അടിച്ച് പരിക്കേറ്റു. ചളിയിൽ താഴ്ന്ന ഇവരെ കരക്കെടുക്കുമ്പോൾ അബോധാവസ്ഥയിൽ ആയിരുന്നു. ശരീരത്തിനുള്ളിൽ ചളി കയറിയിരുന്നു. പൗഷ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.