ചാലക്കുടി: കാനഡയിലെ കാൾഗറിയിൽ തടാകത്തിൽ മരിച്ച കോർമല സ്വദേശി ലിയോ യോഹന്നാൻ മാവേലിയുടെ (41) മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. ഉച്ചക്ക് 12ന് വീരഞ്ചിറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ജൂലൈ 12ന് ലിയോ മരിച്ചത്. കാനഡയിൽ ആൽബർട്ടയിലെ കാൻമോർ സ്പ്രേ ലേക്കിലെ റിസർവോയറിൽ വിനോദയാത്രക്കിടെ ബോട്ടപകടത്തിലാണ് ലിയോ മരിച്ചത്. ഈ അപകടത്തിൽ എറണാകുളം കളമശ്ശേരി സ്വദേശികളായ ഷാജി വർഗീസിന്റെയും ലില്ലി ഷാജിയുടെയും മൂത്ത മകനും വിദ്യാർഥിയുമായ കെവിൻഷാ വർഗീസ് (21), മലയാറ്റൂർ സ്വദേശി ജിയോ പൈലി എന്നിവരും മരിച്ചു. ബോട്ടിൽ ഉണ്ടായിരുന്ന നാലാമൻ നീന്തി രക്ഷപ്പെട്ടിരുന്നു. ലിയോ ഏതാനും വർഷങ്ങളായി കുടുംബസമേതം കാനഡയിലാണ്. മലയാളി കൾചറൽ അസോസിയേഷന്റെ സഹായത്തോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചത്.