കോഴഞ്ചേരി: കഴിഞ്ഞ ദിവസം എഴിക്കാട് പട്ടികജാതി കോളനിക്ക് സമീപം നീർവിളാകം പുഞ്ചയിൽ വള്ളം മറിഞ്ഞ് കാണാതായ വർക്ക്ഷോപ് ഉടമ വിശ്വനാഥൻ ആചാരിയുടെ (65) മൃതദേഹം കണ്ടെടുത്തു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ഞായറാഴ്ച രാവിലെ 8.30ന് ആരംഭിച്ച തിരച്ചിലിനൊടുവിൽ 11ഓടെയാണ് മൃതദേഹം കണ്ടെടുത്തത്. വള്ളം മറിഞ്ഞ ഭാഗത്തുനിന്ന് 50 മീറ്റർ കിഴക്ക് മാറി കല്ലുമല ഭാഗത്താണ് മൃതദേഹം കണ്ടത്. ആറന്മുള പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. സംസ്കാരം തിങ്കളാഴ്ച എഴിക്കാട് ശ്മശാനത്തിൽ. ഭാര്യ: സരസ്വതി. മക്കൾ: സവിത, സരിത.