മല്ലപ്പള്ളി: നിയന്ത്രണം വിട്ട ബൈക്ക് റബർ തോട്ടത്തിലേക്ക് മറിഞ്ഞ് പുതുശ്ശേരി ചാങ്ങിച്ചേത്ത് വീട്ടിൽ ജോസഫ് ജോർജിന്റെ മകൻ സിജോ ജെറിൻ ജോസഫ് (27) മരിച്ചു. കല്ലൂപ്പാറ പുതുശ്ശേരി ജങ്ഷന് സമീപം പുറമറ്റം - പുതുശ്ശേരി റോഡിലാണ് അപകടം. കരാർ എടുത്തിരിക്കുന്ന വിവിധ സ്ഥലങ്ങളിൽ ഞായറാഴ്ച സന്ദർശിച്ച എൻജിനീയറായ സിജോ തിരികെ വീട്ടിൽ എത്താൻ വൈകി. മൊബൈൽ ഫോണിൽ വിളിച്ചിട്ട് എടുക്കാത്തതിനാൽ വീട്ടുകാർ രാത്രി സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് മൊബൈൽ ടവർ ലൊക്കേഷൻ വഴി നടത്തിയ അന്വേഷണത്തിൽ പുതുശ്ശേരിക്ക് സമീപം റോഡരികിലെ കാടുപിടിച്ച റബർ തോട്ടത്തിൽ അപകടം നടന്നത് കണ്ടെത്തി. മൃതദേഹം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. കീഴ്വായ്പൂര് പൊലീസ് മേൽനടപടി സ്വീകരിച്ചു. മാതാവ്: അക്കാമ്മ ജോസഫ്. സഹോദരങ്ങൾ: ജുബിൻ, ജൂലി മറിയം.