ആലത്തൂർ: ഒരുമാസം മുമ്പ് വീട്ടിൽ വളർത്തുന്ന നായുടെ കടിയേറ്റ വയോധിക പേ വിഷബാധയേറ്റ് മരിച്ചു. തരൂർ കരടിക്കുന്ന് തോട്ടുംപുറത്ത് വീട്ടിൽ പഴനിമലയുടെ ഭാര്യ ലക്ഷ്മിയാണ് (70) മരിച്ചത്. വീട്ടിലെ നായ് ആയതിനാൽ പേ ബാധയുണ്ടാകില്ലെന്ന് കരുതി കുത്തിവെപ്പ് എടുത്തില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഭർത്താവ് പഴനിമല കിടപ്പുരോഗിയാണ്. ആടുകളെ വളർത്തി ലഭിക്കുന്ന വരുമാനംകൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. 15 ആടുകൾക്കൊപ്പം നാല് നായ്ക്കളെയും ഇവർ വളർത്തിയിരുന്നു. ഒരുമാസം മുമ്പ് നായ്ക്കളിലൊന്ന് ആടുകളെ ആക്രമിക്കുന്നത് കണ്ട് വടികൊണ്ട് അടിച്ചോടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നായ് ലക്ഷ്മിയെ കടിച്ചതെന്നാണ് പറയുന്നത്. സംഭവം അറിഞ്ഞെത്തിയ പരിസരവാസികൾ നായെ കൊന്നു.
വെള്ളിയാഴ്ച ലക്ഷ്മിക്ക് വിറയലും പനിയും വന്ന് ഭക്ഷണം കഴിക്കാൻ പറ്റാതായതോടെ തരൂരിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ നടത്തി. രോഗാവസ്ഥക്ക് മാറ്റം വരാത്തതിനാൽ ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മക്കൾ: ശരവണൻ, സേതുമാധവൻ, ലത. മരുമക്കൾ: ഷീജ, ദീപ, സുരേന്ദ്രൻ.