ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ കൂട്ടുകാരുമൊത്ത് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു.
തിരുവത്ര ചെങ്കോട്ട നഗറിൽ തൊണ്ടൻപിരി ഷാഹുവിന്റെ മകൻ മുഹമ്മദ് ഷെബിനാണ് (18) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ ബ്ലാങ്ങാട് ബീച്ചിലെ സിദ്ദീഖ് പള്ളിയുടെ കുളത്തിലാണ് സംഭവം. ഷെബിൻ ഉൾപ്പെടെ അഞ്ചു കുട്ടികളാണ് കുളിക്കാനിറങ്ങിയത്. ഇതിനിടയിൽ ഷെബിൻ കുളത്തിലെ ചളിയിൽ മുങ്ങുകയായിരുന്നു.
നാട്ടുകാരും ഗുരുവായൂരിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും ചേർന്നാണ് പുറത്തെടുത്തത്. ചാവക്കാട് എം.ആർ.ആർ.എം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു പാസായ ഷെബിൻ ഡിഗ്രിക്കു ചേരാനുള്ള തയാറെടുപ്പിലായിരുന്നു. നഗരസഭ ഒന്നാം വാർഡ് കൗൺസിലർ ഉമ്മു റഹ്മത്തിന്റെ ഭർതൃ സഹോദരനാണ് ഷെബിന്റെ പിതാവ് ഷാഹു. ഖത്തറിലുള്ള ഷാഹു വെള്ളിയാഴ്ചയെത്തും. മാതാവ്: തയ്യിൽ സുമയ്യ. സഹോദരി: ശബാന. ഖബറടക്കം വെള്ളിയാഴ്ച ഒമ്പതിന് പുതിയറ പള്ളി ഖബർസ്ഥാനിൽ.