പത്തനംതിട്ട: ബൈക്ക് മറിഞ്ഞ് വെള്ളക്കെട്ടിലേക്ക് തെറിച്ചുവീണ യുവാവ് മുങ്ങി മരിച്ചു. പീരുമേട് കാരിക്കുഴി പട്ടുമുടി കല്ലുമടയിൽ സജീവാണ് (34) മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പീരുമേട് പാമ്പനാർ ലൈഫ് ടൈം എസ്റ്റേറ്റിൽ സതീഷിനെ (36) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് പത്തനംതിട്ട നഗരത്തിൽ ശബരിമല ഇടത്താവളത്തിനരികെ റോഡിൽ ബൈക്ക് മറിഞ്ഞുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഇവർ പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് ആംബുലൻസെത്തി റോഡിൽ കിടന്ന സതീഷിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. ഏറെനേരം കഴിഞ്ഞ് ബോധം വീണപ്പോൾ കൈയിൽ രണ്ട് മൊബൈൽ ഫോൺ കണ്ടതിനെത്തുടർന്ന് ചോദിച്ചപ്പോഴാണ് ഒപ്പം മറ്റൊരാളുമുണ്ടായിരുന്നെന്ന വിവരം കിട്ടുന്നത്. ഈ സമയം ഫോണിലേക്ക് വന്ന വിളികളിൽനിന്ന് ഇത് ഉറപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും അപകടമുണ്ടായി രണ്ട് മണിക്കൂർ കഴിഞ്ഞിരുന്നു. ആംബുലൻസ് ഡ്രൈവർ എൽബിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സമീപത്തെ വെള്ളക്കെട്ടിൽ സജീവ് കിടക്കുന്നത് കണ്ടത്. നിർമാണ കരാറുകാരനായ സതീഷിന്റെ തൊഴിലാളിയാണ് സജീവ്. റാന്നി കേന്ദ്രീകരിച്ചാണ് ഇവർ പണി നടത്തുന്നത്. ഇവിടെനിന്ന് തൊഴിലാളികളെ വിളിക്കാനായി ആയൂരിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. മഴയെത്തുടർന്ന് കണ്ണിലേക്ക് വെള്ളം കയറി ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നാണ് സതീഷ് പറഞ്ഞത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടായ സ്ഥലത്ത് ഞായറാഴ്ച രാത്രി പെയ്ത മഴയിൽ കനത്ത വെള്ളക്കെട്ടുണ്ടായിരുന്നു. റോഡിലെ വെള്ളം ഇറങ്ങിയതിനെ ത്തുടർന്നാണ് ഇതുവഴി ഗതാഗതം അനുവദിച്ചത്.