ഇരിങ്ങാലക്കുട: എഴുത്തുകാരൻ വല്ലക്കുന്ന് ശ്രീലകത്ത് കെ.സി. സുദർശൻ (72) നിര്യാതനായി. ദാവീദിന്റെ സ്വപ്നങ്ങൾ, സൂര്യപഥം, ശിശിരത്തിലെ സൂര്യൻ (നോവലുകൾ), വീണ്ടുമീയാത്ര (കഥകൾ), അടുത്തേക്കുള്ള അകലം (കഥ- കവിത സമാഹാരം) എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്. അറിവ്, നേരറിവ് മാസികകളുടെ പത്രാധിപരായിരുന്നു. തിരുവനന്തപുരത്ത് നെരൂദ ബുക്സ് പ്രസിദ്ധീകരണശാല നടത്തിയിരുന്നു. 1950ൽ തിരുവനന്തപുരം കമലേശ്വരത്താണ് ജനനം. ഭാര്യ: പി.ജി. ബേബി. മക്കള്‍: ബിന്ദു, സൂര്യ. മരുമക്കള്‍: ശ്രീകുമാര്‍, ബൈജു. സാഹിത്യകാരനായിരുന്ന കെ.സി. ഉപേന്ദ്രനാഥ്, ആർ.എസ്.പി നേതാവും എം.എൽ.എയുമായിരുന്ന കെ.സി. വാമദേവൻ എന്നിവർ സഹോദരങ്ങളായിരുന്നു. കേരള കരകൗശല വികസന കോർപറേഷനിൽ ഉദ്യോഗസ്ഥനായിരുന്നു. കോർപറേഷന്റെ ബംഗളൂരു കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന കാലത്ത് ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചു. മാള കുഴിക്കാട്ടുശ്ശേരിയിലായിരുന്നു ഏറെക്കാലം താമസം. പിന്നീടാണ് വല്ലക്കുന്ന് ശ്രീലകത്തേക്ക് താമസം മാറിയത്.