മറയൂർ: കാണാതായ യുവാവിന്റെ മൃതദേഹം പാമ്പാർ പുഴയിൽ കണ്ടെത്തി. വട്ടവട കോവിലൂർ സ്വദേശി സുരേഷിന്റെ (33) മൃതദേഹമാണ് തിങ്കളാഴ്ച വൈകീട്ടോടെ കണ്ടെത്തിയത്. വട്ടവടയിൽനിന്ന് തടിവെട്ട് ജോലിക്ക് കാന്തല്ലൂരിലെത്തി സുഹൃത്തുക്കൾക്കൊപ്പം താമസിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി മുതൽ കാണാതായതിനെത്തുടർന്ന് രാവിലെ തിരച്ചിൽ നടത്തിയപ്പോഴാണ് ചെരിപ്പ് പാമ്പാർ പുഴക്ക് സമീപം കണ്ടത്. ഇതേതുടർന്ന് മറയൂർ പൊലീസും അഗ്നിരക്ഷാസേനയും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പുഴയിൽ പൊങ്ങിക്കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്. പിതാവ്: രാമകൃഷ്ണൻ. മാതാവ്: തങ്കമ്മ. സഹോദരൻ: രഘു. സംസ്കാരം പിന്നീട്.