അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ തമിഴ്നാടിന്റെ ഭാഗമായ പുലികുത്ത് വെള്ളച്ചാട്ടത്തിന് സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തേനി ജില്ലയിലെ വീരപാണ്ടി ഗ്രാമത്തിൽ താമസിക്കുന്ന മാരിച്ചാമിയുടെ മകൻ താമരക്കണ്ണനാണ് (27) മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരി അർച്ചനക്ക് (22) ഗുരുതര പരിക്കേറ്റു. ഇവർ ഞായറാഴ്ച വൈകീട്ട് ശാന്തമ്പാറയിൽനിന്ന് ബൈക്കിൽ വീരപാണ്ഡിയിലേക്ക് പോകുമ്പോഴാണ് അപകടം. തേനിയിൽനിന്ന് കേരളത്തിലേക്ക് കല്ല് കയറ്റി വന്ന ലോറി പുലിക്കുത്ത് വെള്ളച്ചാട്ടത്തിന് സമീപം ബൈക്കിൽ ഇടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് പിന്നാലെ ലോറിയുടെ അടിയിലേക്ക് തെന്നി കയറി. ദേഹത്ത് ടയർ കയറി താമരക്കണ്ണൻ തൽക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ അർച്ചന തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ബോഡി നായ്ക്കന്നൂർ പൊലീസ് നടപടി സ്വീകരിച്ചു.