കോവളം: സി.പി.എം നേതാവും നേമം മണ്ഡലത്തിലെ മുൻ എം.എൽ.എയുമായ നെല്ലിവിള വെണ്ണിയൂർ കുമാർ കോട്ടേജിൽ വെങ്ങാനൂർ പി. ഭാസ്കരൻ (81) നിര്യാതനായി. വിദ്യാർഥിയായിരിക്കെ ആർ.എസ്.പി.യിലൂടെ രാഷ്ട്രീയ പ്രവേശനം. അടിയന്തരാവസ്ഥക്കാലത്ത് 43 ദിവസം ജയിൽവാസമനുഭവിച്ചു. 1978ൽ പെരിങ്ങമ്മല വാർഡിൽനിന്ന് മത്സരിച്ച് വിജയിച്ച് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. 1991ൽ ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ കോട്ടുകാൽ ഡിവിഷനിൽ വിജയിച്ചു. 1994ൽ നേമം മണ്ഡലത്തിൽനിന്ന് എം.എൽ.എ ആയി. തുടർന്ന് രണ്ട് തവണ കൂടി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ കമ്മിറ്റി, സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, ഏരിയ സെക്രട്ടറി, ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: വിജയകുമാരി. മക്കൾ ഡോ. ബി.വി. രണകുമാർ( ജൂബിലി ആശുപത്രി), രഞ്ജിത്ത് കുമാർ(അധ്യാപകൻ- വെങ്ങാനൂർ ഗേൾസ് എച്ച്.എസ്.എസ്). മരുമക്കൾ: ഡോ. രശ്മി ഡഗ്ലസ് (ഗവ.ജനറൽ ആശുപത്രി), എ.ആർ. രാധിക.(വെങ്ങാനൂർ വി.പി.എച്ച്.എസ്.എസ് അധ്യാപിക). മൃതദേഹം വ്യാഴാഴ്ച വൈകീട്ട് 3.30ഓടെ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.