ആമ്പല്ലൂർ: പുതുക്കാട് കുറുമാലിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. മറ്റത്തൂർ അവിട്ടപ്പിള്ളി പള്ളത്തറ വീട്ടിൽ ഉണ്ണിച്ചെക്കനാണ് (70) മരിച്ചത്. ചൊവ്വാഴ്ച രാവിലെ കുറുമാലി പാലത്തിനു സമീപമാണ് മൃതദേഹം കിടന്നിരുന്നത്. ജില്ല ആശുപത്രിയിൽ മോർച്ചറിയിലായിരുന്ന മൃതദേഹം ബന്ധുക്കൾ എത്തിയാണ് തിരിച്ചറിഞ്ഞത്. പാചക തൊഴിലാളിയായ ഉണ്ണിച്ചെക്കൻ ഒരാഴ്ച മുമ്പാണ് വീട്ടിൽ നിന്നിറങ്ങിയത്. കുറച്ചുനാളുകളായി നന്തിക്കരയിലുള്ള സഹോദരിയുടെ വീട്ടിലാണ് താമസം. ഗുരുവായൂരിൽ നിന്ന് പുതുക്കാട്ടേക്കുള്ള ട്രെയിൻ ടിക്കറ്റ് മൃതദേഹത്തിൽ നിന്ന് പൊലീസിന് കിട്ടിയിരുന്നു. പുതുക്കാട് സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ ശേഷം നന്തിക്കരയിലേക്ക് പാതയിലൂടെ നടന്നുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. പുതുക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.