പെരുമ്പിലാവ്: നബി ദിനാഘോഷത്തോടനുബന്ധിച്ച് അലങ്കാര ബൾബുകൾ സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കപ്പൂർ നരിമട കയ്യാലക്കൽ മൊയ്തുണ്ണിയുടെ മകൻ മുർഷിദ് (20) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ച മൂന്നോടെ ചാലിശേരി കപ്പൂർ നരിമട നമസ്കാര പള്ളിക്കു സമീപമാണ് സംഭവം. മസ്ജിദിനടുത്ത് മരത്തിൽ കയറി അലങ്കാര ബൾബ്മാല റോഡ് മുറിച്ച് കെട്ടാൻ എറിയുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ബൾബ്മാലയുടെ ഒരറ്റം കൈയിലുണ്ടായിരുന്ന മുർഷിദിന് ഇതിനിടെ ഷോക്കേറ്റു. താഴെ വീണ യുവാവിനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എടപ്പാൾ സറ ഗോൾഡ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മാതാവ്: സജ്ന. സഹോദരങ്ങൾ: ആദിൽ, ഹന്ന ഫാത്തിമ.