കുന്നംകുളം: ചൊവ്വന്നൂർ പന്തല്ലൂരിൽ നാലു ചക്ര ഉന്തുവണ്ടിയിലേക്ക് കാർ ഇടിച്ച് കയറി മധ്യവയസ്ക മരിച്ചു. ചൊവ്വന്നൂർ കൊണ്ടരാശേരി വീട്ടിൽ അറുമുഖന്റെ ഭാര്യ സുലോചന (55) ആണ് മരിച്ചത്. ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം. പന്തല്ലൂർ പാടത്ത് നാലുചക്ര വണ്ടിയിൽ തട്ടുകട നടത്തുന്ന ഇവർ കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് വണ്ടി തള്ളിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. വടക്കാഞ്ചേരി ഭാഗത്തുനിന്ന് അമിത വേഗതയിൽ വന്ന കാറാണ് ഇടിച്ചത്. കാർ നിർത്താതെ പോയി. ഓടിക്കൂടിയവർ സുലോചനയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മരിച്ച സുലോചനയുടെ ഏക മകൻ: ആദിത്യൻ. സി.സി ടി.വി കൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വെള്ളറക്കാട് സ്വദേശി പയറ്റിപറമ്പിൽ അൻസാറാണ് സംഭവ സമയം കാർ ഓടിച്ചിരുന്നതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളെ കാണാൻ ഇയാൾ കാറിൽ വരുന്നതിനിടയിലാണ് അപകടം. കാർ ഞായറാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു.