തിരുവനന്തപുരം: സിനിമ-സീരിയല്‍ നടന് കാര്യവട്ടം ശശികുമാര്‍ (69) നിര്യാതനായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കാര്യവട്ടത്ത് പരേതരായ സുകുമാരന്‍ നായരുടെയും ഇന്ദിരദേവിയുടെയും മകനായി ജനിച്ച അദ്ദേഹം പൂജപ്പുര നാഗര്‍കാവ് ടെമ്പിള്‍ റോഡ് പി.ആര്.എ 172 ലായിരുന്നു താമസം. വൃക്കരോഗിയായ അദ്ദേഹത്തിന് ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസ് നടത്തിയിരുന്നു. ഒരാഴ്ചമുമ്പ് കാലില്‍ വേദന വന്നതുകാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിലെ അസ്ഥിയില്‍ ബലക്ഷയം കാരണം പൊട്ടലുണ്ടെന്ന് പരിശോധനയില്‍ കണ്ടതിനാല്‍ ശസ്ത്രക്രിയ നടത്തി. ഞായറാഴ്ച രാത്രി ഹൃദ്രോഗബാധയുണ്ടായി. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.
ഭാരത്ഭവനില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തിൽ ചലച്ചിത്രരംഗത്തെ ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ചലച്ചിത്ര അക്കാദമിക്കുവേണ്ടി വൈസ് ചെയര്മാന് പ്രേംകുമാര്‍ പുഷ്പചക്രം അര്‍പ്പിച്ചു. സംസ്കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു. സംവിധായകന് എം. കൃഷ്ണന് നായരുടെ സഹായിയായാണ് ശശികുമാർ ചലച്ചിത്രരംഗത്തേക്ക് വന്നത്. പിന്നീട് ചില നാടകസമിതികളിൽ നടനായി വേഷമിട്ടു. ഉത്തരേന്ത്യയില്‍ ഒരു ധനകാര്യസ്ഥാപനത്തില്‍ കുറച്ചുകാലം ജോലി ചെയ്തെങ്കിലും സിനിമാരംഗത്ത് തിരിച്ചെത്തി. കെ.എസ്. ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ‘ക്രൈംബ്രാഞ്ച്’ ആണ് ശശികുമാര്‍ അഭിനയിച്ച ആദ്യചിത്രം. ക്രൂരന്, നാഗം, ജഡ്ജ്മെന്റ്, മിമിക്സ് പരേഡ്, അഭയം, ദേവാസുരം, കമ്പോളം, ചെങ്കോല്‍, കുഞ്ഞിക്കരുവി, കുസൃതിക്കാറ്റ്, ആദ്യത്തെ കണ്മണി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
‘മയൂരനൃത്തം’ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറും ‘നാലുകെട്ടിലെ നല്ല തമ്പിമാര്’ എന്ന ചിത്രത്തിന്റെ നിർമാതാവുമായിരുന്നു. ഇരുപത് വർഷം മുമ്പ് ചലച്ചിത്രരംഗത്തുള്ളവരുടെ കാര്യങ്ങളുൾപ്പെട്ട ഡയറക്ടറി തയാറാക്കി. ലക്ഷ്യ, ജീവാമൃതം എന്നീ ജീവകാരുണ്യ സംഘടനകളുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നു. നടി കനകലതയെ വിവാഹം കഴിച്ചെങ്കിലും വിവാഹമോചനം നേടിയിരുന്നു.