കോഴിക്കോട്: റിട്ട. പൊലീസ് സൂപ്രണ്ട് പുതിയങ്ങാടി ‘രേവതി’യിൽ കോളായി ഗോപാലൻ നമ്പ്യാർ കൃഷ്ണൻകുട്ടി കുറുപ്പ് (കെ.ജി.കെ കുറുപ്പ് -93) നിര്യാതനായി. പഴയ മദിരാശി സംസ്ഥാനത്തിൽ 1950ൽ സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിക്കുകയും പിന്നീട് സംസ്ഥാന പുനഃസംഘടനക്കുശേഷം കേരള പൊലീസ് സേനയുടെ ഭാഗമാകുകയുമായിരുന്നു. ’67ൽ സർക്കിൾ ഇൻസ്പെക്ടറായും ’72ൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായും ’82ൽ പൊലീസ് സൂപ്രണ്ടായും പ്രമോഷൻ ലഭിച്ച കുറുപ്പ് കോഴിക്കോട് റൂറൽ, ക്രൈംബ്രാഞ്ച്, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്, വിജിലൻസ് എന്നിവയിൽ എസ്.പി ആയിരുന്നു. 38 വർഷത്തെ സേവനത്തിനിടെ ഒട്ടേറെ കീർത്തിപത്രങ്ങൾ ലഭിച്ചു. 1976ൽ മികച്ച സേവനത്തിനുള്ള പ്രഡിഡന്റിന്റെ മെഡലും ’85ൽ വിശിഷ്ട സേവനത്തിനുള്ള പ്രസിഡന്റ് അവാർഡും ലഭിച്ചു. ഐ.പി.എസ് കേഡർ ലഭിച്ച കുറുപ്പ് ’87ൽ വിരമിച്ച ശേഷം ഫ്രീലാൻസ് ഇൻവെസ്റ്റിഗേറ്ററായും പ്രവർത്തിച്ചു. മികച്ച ഹോക്കി കളിക്കാരൻ കൂടിയായ ഇദ്ദേഹം പ്രീ യൂനിവേഴ്സിറ്റി കാലത്ത് മലബാർ ക്രിസ്ത്യൻ കോളജിലെ സ്പീക്കർ ആയിരുന്നു. ഭാര്യ: പരേതയായ വടകര പാലോലപ്പറമ്പത്ത് ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: കോമളവല്ലി, ഗോപാലകൃഷ്ണൻ (ബിസിനസ്), രഞ്ജിനി, പുഷ്പരാജ് (പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ), ഉഷാകുമാരി. മരുമക്കൾ: മോഹൻദാസ് മേനോൻ (റിട്ട. മാനേജർ, സെൻട്രൽ ബാങ്ക്), രാജശ്രീ (ബിസിനസ്), മോഹനദാസ് (റിട്ട. ഏരിയ മാനേജർ, കോഴിക്കോട് ഡിസ്ട്രിക്ട് കോഓപറേറ്റിവ് ബാങ്ക്), ലതിക (ബാങ്ക് ഓഫ് ബറോഡ), പ്രേമചന്ദ് (മുൻ പ്രവാസി). സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് ശ്മശാനത്തിൽ നടന്നു.