ഫറോക്ക്: ദേശീയപാതയിൽ അരീക്കാട് ലോറിയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ലോറിയിൽ ഉണ്ടായിരുന്ന പാലക്കാട് നാട്ടുകൽ നെടുമ്പാര സ്വദേശി ഷഫീഖ് (36) ആണ് മരിച്ചത്. ലോറി ഡ്രൈവർ മലപ്പുറം മേലാറ്റൂർ ചേലക്കാട് കോഡൂർ നബീലിനെ (35) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും കൂടെയുണ്ടായിരുന്ന പെരിന്തൽമണ്ണ കരിങ്കല്ലത്താണി നദീം (41) നാട്ടുകല്ല് സ്വദേശി മുർഷിദ് (23) എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പുലർച്ച നാലരയോടെയാണ് അപകടം. കോഴി കയറ്റിവന്ന ലോറി അരിക്കാട് പള്ളിക്കു സമീപത്തെ കടയ്ക്കു മുമ്പിൽ നിർത്തി ലോഡ് ഇറക്കവേ തൃശൂരിൽനിന്നു മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് മുൻവശത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോഡ് ഇറക്കുകയായിരുന്ന ഷഫീഖ് റോഡിലേക്ക് തെറിച്ചു വീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. കോഴികളെ സൂക്ഷിച്ചിരുന്ന ഇരുമ്പ് പെട്ടികൾ തലയിൽ വീണാണ് മറ്റുള്ളവർക്ക് പരിക്കേറ്റത്. ഇരുമ്പ് പെട്ടികളും കോഴിയും റോഡിൽ ചിതറിത്തെറിച്ചു. ഒട്ടേറെ കോഴികളും ചത്തു.