ചിറ്റൂർ: തത്തമംഗലത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. തേങ്കുറിശ്ശി മാഹാളികുടം മാങ്ങോട് വീട്ടിൽ പരേതനായ കുട്ടൻ എന്ന ഭാസ്കരന്റെ മകൾ നീനയാണ് (22) മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.30 ഓടെ തത്തമംഗലം മടുപ്പിക്കാവിലായിരുന്നു അപകടം. തത്തമംഗലത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ നീന ജോലിസ്ഥലത്തേക്ക് വരുന്നതിനിടെയാണ് അപകടം. ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നീന ഓടിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡിൽ തെന്നിവീഴുകയായിരുന്നു. ഇതിനിടെ, ട്രാക്ടറിന്റെ പിൻചക്രം ദേഹത്തൂടെ കയറിയാണ് അപകടമെന്ന് ദൃക്സാക്ഷികൾ മൊഴിനൽകിയതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. മാതാവ്: സുമതി. സഹോദരങ്ങൾ: ടീന, ലീന, വിഷ്ണു.