നെടുമങ്ങാട്: ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് സ്വകാര്യ സ്കൂൾ അധ്യാപിക മരിച്ചു. നെടുമങ്ങാട് നെട്ട ബോബെ വില്ലയിൽ ഷാജഹാന്റെ ഭാര്യ ജീന (44) ആണ് മരിച്ചത്. ഭർത്താവിന്റെ ബൈക്കിന് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ജീന. ശനിയാഴ്ച രാവിലെ എട്ടോടെ വാളിക്കോട് പാലം ജങ്ഷനിലായിരുന്നു അപകടം. ജങ്ഷനിൽനിന്ന് നെട്ടയിലേക്ക് തിരിയുന്ന സ്ഥലത്ത് ബൈക്കിൽ ടിപ്പർ ലോറി തട്ടി ജീന ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. നാലാഞ്ചിറ നവജീവൻ സ്കൂളിലെ അധ്യാപികയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. തൊളിക്കോട് തേവൻപാറ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി. മകൻ: ജസിൻ (ഫിസിയോ തെറപ്പിസ്റ്റ്)