കുന്ദമംഗലം: കുന്ദമംഗലത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കാരന്തൂർ പുതിയോട്ടിൽ മുനീറിന്റെ മകൻ ചേനത്ത് വടക്കുംതല സ്വദേശി മുഹമ്മദ് അഫ്ലഹാണ് (19) മരിച്ചത്. ഓവുങ്ങര പാലക്കൽ പെട്രോൾ പമ്പിന് സമീപം ദേശീയപാതയിൽ ചൊവ്വാഴ്ച രാത്രി 8.15നാണ് സംഭവം. കാരന്തൂർ ഭാഗത്തേക്ക് പോകുന്ന ബൈക്ക് യാത്രികൻ മുന്നിലുള്ള കാറിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണപ്പോൾ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോഴിക്കോട് ഭാഗത്തുനിന്ന് ഓമശ്ശേരി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. മാതാവ്: നസീമ. സഹോദരങ്ങൾ: അഫ്റ, റിൻഷ.