ഗുരുവായൂര്‍: പാരാ ഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തില്‍ ഹിമാചല്‍ പ്രദേശില്‍ മരിച്ച ഗുരുവായൂര്‍ സ്വദേശിയായ നേവി ഓഫിസര്‍ വിപിന്ദേവിന്റെ (32) സംസ്കാരം നടത്തി. നേവിയുടെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരചടങ്ങുകള്‍. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു.
കിഴക്കേനടയില്‍ ശ്രീകൃഷ്ണ സ്വീറ്റ് ഉടമ കെ.വി. വിജയകുമാറിന്റെയും ബേബിയുെടയും മകനാണ് വിപിൻദേവ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാരാ ഗ്ലൈഡിങ്ങിനിടെ റോട്ടര്‍ ടര്‍ബുലന്‍സ് പ്രവര്‍ത്തിക്കാതിരുന്നതിനെ തുടര്‍ന്ന് അപകടമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാരാജംപിങ്, വെള്ളത്തിനടിയിലുള്ള സ്കൂബ ഡൈവിങ് തുടങ്ങിയവയിലെല്ലാം മികവ് തെളിയിച്ച വിപിന്‍ദേവ് 100 തവണയിലേറെ പാരാ ജംപിങ് നടത്തിയിട്ടുണ്ട്. തുടര്‍ച്ചയായി 45 ദിവസം സമുദ്രത്തിന് അടിയില്‍ സബ്മറൈന് ഡ്യൂട്ടി ചെയ്തിട്ടുമുണ്ട്. ചെറുപ്പത്തിലേ നേവിയില്‍ ഓഫിസര്‍ ഗ്രേഡില്‍ ഉദ്യോഗം ലഭിക്കുകയും ചെയ്തിരുന്നു. വൻ ജനാവലിയാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്.