എരുമപ്പെട്ടി: പന്നിത്തടത്തിനുസമീപം ചിറമനേങ്ങാട് വൈദ്യുതിത്തൂൺ പൊട്ടിവീണ് കരാർ തൊഴിലാളി മരിച്ചു. നെല്ലുവായ് മുണ്ടംകോട് കോളനിയിൽ അയ്യപ്പത്ത് വീട്ടിൽ രവിയുടെ മകൻ ഹിതേഷാണ് (24) മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് നാലോടെ റോഡരികിലെ പഴയ വൈദ്യുതിത്തൂൺ മാറ്റിസ്ഥാപിക്കുന്നതിനിടെ തൂൺ പൊട്ടി ഹിതേഷിന്റെ മേൽ വീഴുകയായിരുന്നു. ഉടൻ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നാലുവർഷത്തോളമായി കെ.എസ്.ഇ.ബി കുന്നംകുളം സെക്ഷനിലെ കരാര്‍ തൊഴിലാളിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മോർച്ചറിയിലേക്ക് മാറ്റി. എരുമപ്പെട്ടി പൊലീസ് നടപടി സ്വീകരിച്ചു. മാതാവ്: ലത. സഹോദരങ്ങൾ: ഹിമ, ശ്രുതി.