കുറ്റ്യാടി: നാദാപുരം സംസ്ഥാനപാതയിൽ മൊകേരിയിൽ കാറിടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബൈക്ക് യാത്രികൻ മരിച്ചു. നരിക്കൂട്ടുംചാൽ അൽഫ കിണർ വർക്സ് ഉടമ വടയം വടക്കേച്ചാലിൽ വി.സി. കൃഷ്ണനാണ് (62) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. നിർമല ടാക്കീസിന് സമീപം തിങ്കളാഴ്ച രാവിലെ ഒമ്പതിനടുത്താണ് അപകടം. കുറ്റ്യാടി ഭാഗത്തുനിന്ന് വരുകയായിരുന്ന സ്വകാര്യ കാർ കക്കട്ടിലിൽനിന്ന് വരുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റും തകർത്താണ് നിന്നത്. കൂടെ സഞ്ചരിച്ച സുഹൃത്ത് ഉസ്മാൻകോയക്കും ഗുരുതര പരിക്കേറ്റു. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച കൃഷ്ണനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഭാര്യമാർ: ചന്ദ്രി, പരേതയായ നാരായണി. മക്കൾ: ശിൽപ, ശിഖ, ഷിബിന. മരുമക്കൾ: നിഷാന്ത്, വിജീഷ്, ജികേഷ്.