കൊയിലാണ്ടി: വഗാഡ് കമ്പനിയിൽ ദേശീയപാത നിർമാണ ജോലിക്കെത്തിയ അന്തർസംസ്ഥാന തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു. ഝാർഖണ്ഡ് സ്വദേശി ശിവമന്ദിറിൽ ബുധൻ രജവറിന്റെ മകൻ ദേവാനന്ദ് രജവറാണ് (42) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. ശനിയാഴ്ച ജോലിക്ക് കയറാനായി എത്തിയതായിരുന്നു ദേവാനന്ദ് രജവർ. റെയിൽവേ ട്രാക്കിനരികിലൂടെ ഫോണിൽ സംസാരിച്ചു പോകവെ ട്രെയിനിടിക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഝാർഖണ്ഡിലേക്കു കൊണ്ടുപോകും.