മീനങ്ങാടി: ഹോക്കി താരമായ കോളജ് വിദ്യാർഥിയെ പൊതുകിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ എസ്.എൻ കോളജ് വിദ്യാർഥിയും മീനങ്ങാടി വട്ടത്തുവയൽ ഉണ്ണികൃഷ്ണന്റെയും ഗീതയുടെയും മകനുമായ അക്ഷയ് ഉണ്ണികൃഷ്ണനാണ് (18) മരിച്ചത്. ശനിയാഴ്ച മൂന്നോടെ കാണാതായ മകന്റെ ഫോണും ചെരിപ്പും വട്ടവത്തുവയലിലെ കിണറ്റിനുസമീപം കണ്ടെത്തിയ ഉണ്ണികൃഷ്ണൻ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പത്തടിയോളം വീതിയുള്ള വലിയ റിങ്ങിറക്കിയ പൊതുകിണറിന്റെ ആഴക്കൂടുതലും ചളിയും രക്ഷാപ്രവർത്തനം ഏറെ ശ്രമകരമാക്കി. തുടർന്ന് കൽപറ്റയിൽനിന്ന് സ്റ്റേഷൻ ഓഫിസർ പി.കെ. ബഷീറിന്റെ നേതൃത്വത്തിലും സുൽത്താൻ ബത്തേരിയിൽനിന്ന് സീനിയർ അഗ്നിരക്ഷാസേന ഓഫിസർ എൻ. ബാലകൃഷ്ണന്റെ നേതൃത്വത്തിലും ഉദ്യോഗസ്ഥരെത്തി 4.30ഓടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. തുടർ നടപടികൾക്ക് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.