ലോകകപ്പ് ഫുട്ബാൾ മത്സരം കണ്ടശേഷം മടങ്ങിയതായിരുന്നു
മാനന്തവാടി: ടിപ്പർ ഡ്രൈവറെ വീടിനു സമീപത്തെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒണ്ടയങ്ങാടി ചെന്നലായി പുൽപാറ വീട്ടിൽ പി.എം. ജോർജ് (തങ്കച്ചൻ-64) ആണ് മരിച്ചത്. ഞായറാഴ്ച ഇല്ലത്തുമൂലയിലെ മിലാന ക്ലബിൽ ലോകകപ്പ് ഫുട്ബാൾ മത്സരം കണ്ട് അർധരാത്രിയിൽ വീട്ടിലേക്കു മടങ്ങിയ ജോർജിനെ തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചനിലയിൽ കണ്ടത്. വീട്ടിലേക്കുള്ള വഴിയിലെ കൈത്തോടിനു മുകളിലായി സ്ഥാപിച്ച ചെറിയ മരപ്പാലത്തിൽനിന്ന് കാൽതെറ്റി താഴെ വീണ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. തോട്ടിലെ കല്ലിൽ തലയടിച്ച് മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. മാനന്തവാടിയിലെ യാർഡിൽ ജോലി ചെയ്തുവരുകയായിരുന്നു. മാനന്തവാടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വയനാട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. ഭാര്യ: മേരി. മകൻ: ജിബിൻ ജോർജ്.