പെരുമണ്ണ: അടക്ക പെറുക്കുന്നതിനിടെ കടന്നൽക്കുത്തേറ്റ് വയോധികൻ മരിച്ചു. പാറമ്മൽ പൂവ്വത്തുംകണ്ടി ചന്ദ്രനാണ് (68) മരിച്ചത്. പെരുമൺപുറ പിലാക്കാട്ടുതാഴത്ത് സഹപ്രവർത്തകരോടൊപ്പം അടക്ക പറിക്കുമ്പോഴാണ് സംഭവം. സമീപത്തെ പറമ്പിൽ മരത്തിലെ കടന്നൽക്കൂട്ടിൽ പക്ഷി ഇടിച്ച് കൂട് ഇളകിയാണ് കുത്തേറ്റത്. താഴെ വീണ അടക്ക പെറുക്കുകയായിരുന്ന ചന്ദ്രന് മാരകമായി കുത്തേറ്റു. നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെ ജോലിയിലുണ്ടായിരുന്ന പള്ളിത്താഴം സ്വദേശികളായ മൂസ, മണി എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞദിവസം ഇവിടെനിന്ന് കടന്നൽക്കുത്തേറ്റ് സമീപ വാസികൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് നാട്ടുകാർ ഗ്രാമ പഞ്ചായത്തിന് പരാതി നൽകിയിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ. സംസ്കാരം ബുധനാഴ്ച. ഭാര്യ: രമണി (കോഴിക്കോട് കോർപറേഷൻ). മക്കൾ: രതീഷ് (ഫ്ലിപ്കാർട്ട്), രമ്യ (സിവിൽ പൊലീസ് ഓഫിസർ, മാവൂർ), രഞ്ജിത്ത് (റീജനൽ മാനേജർ, ജെ.ബി. ഫാർമ). മരുമക്കൾ: നീമ (പേരാമ്പ്ര), രാജേഷ് പൂവാട്ടുപറമ്പ്, അശ്വതി ഈസ്റ്റ്ഹിൽ. സഹോദരങ്ങൾ: സുമതി, ശാന്ത, അരവിന്ദൻ, ശോഭന.