പേരാമ്പ്ര: മുംബൈയിലെ മലയാളി വ്യവസായി പേരാമ്പ്ര സ്വദേശി ബോംബെ ബാലന് എന്ന എ.വി. ബാലന് (85) മുംബൈ ചെമ്പൂരിൽ നിര്യാതനായി. ഹോട്ടല്‍ റോയലിന്റെയും ഇംപീരിയലിന്റെയും ഉടമയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പേരാമ്പ്രക്കടുത്ത് പാലേരിയില്‍നിന്ന് മുംബൈയിലേക്ക് ചേക്കേറി സ്വപ്രയത്നംകൊണ്ട് അവിടെ വന്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. ആദ്യകാലങ്ങളില്‍ മുംബൈയിലെത്തുന്ന മലയാളികള്‍ക്കും വിശിഷ്യാ കോഴിക്കോട്ടുകാര്‍ക്കും ഒരു അത്താണിയായിരുന്നു ബോംബെ ബാലന്. നിരവധി പേരാമ്പ്രക്കാരെ വിദേശങ്ങളിലും മുംബൈയിലും കൊണ്ടുപോയി ജീവിതത്തിന്റെ ഉന്നതിയില്‍ എത്തിക്കാന്‍ ഇദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. പല പ്രമുഖരായ പ്രവാസി വ്യവസായികളെയും കൈപിടിച്ചുയര്‍ത്തിയത് ബാലനാണ്. മലയാളം- ഹിന്ദി സിനിമ മേഖലയിലെ പ്രമുഖരുമായും ക്രിക്കറ്റ് ലോകവുമായും നല്ല സൗഹൃദം ഉണ്ടായിരുന്ന ബാലന് മലയാള സിനിമയിലെ മോഹന്‍ലാല്‍, തിലകന്, സെവന് ആര്‍ട്സ് വിജയകുമാര്‍ എന്നിവരുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. ബോംബെ ബാലനെ കുറിച്ച് മോഹന്‍ലാല്‍ മലയാള മനോരമ ദിനപത്രത്തില്‍ എഴുതുകയും ചെയ്തിട്ടുണ്ട്. പാലേരി തോട്ടത്താംകണ്ടിയില്‍ പരേതരായ അറക്കിലാട്ട് വയലില്‍ കണ്ണന്റെയും മാണിയുടെയും മകനാണ്. പേരാമ്പ്ര കൈതക്കലില്‍ കണ്ണന് വില്ലയിലായിരുന്നു താമസം. ഭാര്യ: ജാനകി. മക്കള്‍: സതീഷ്, രതീഷ് (ഇരുവരും ബിസിനസ്), സവിത (ദുബൈ). മരുമക്കള്‍ സീമ, രൂപാളി (ഇരുവരും മുംബൈ), മഹേന്ദ്രന് (ബംഗളൂരു). സഹോദരന് എ.വി. കുഞ്ഞിരാമന്.