വടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപം കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പശ്ചിമബംഗാൾ സ്വദേശിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പശ്ചിമബംഗാൾ ഹൗറ ഗോദാവരിയ മൊല്ലപ്പാറ മനാഫ് മൊല്ലയുടെ മകൻ അൻസാർ മൊല്ലയുടെ (മിട്ടു -40) മൃതദേഹമാണ് ശനിയാഴ്ച രാവിലെ കണ്ടത്. സഹപ്രവർത്തകരായ ചന്ദൻ, ലാലു എന്നിവരെ കാണാതായിട്ടുണ്ട്. പരുത്തിപ്രയിൽ പ്രവർത്തിക്കുന്ന അൽറാഹത്ത് ഹോട്ടലിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് ഒരാഴ്ച മുമ്പ് എത്തിയ സംഘത്തിലെ അംഗമാണ് അൻസാർ മൊല്ല. ശനിയാഴ്ച കാലത്ത് ഏറെ വൈകിയും ജോലിസ്ഥലത്ത് എത്താതിരുന്നതിനെത്തുടർന്ന് ഹോട്ടലുടമ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സഹപ്രവർത്തകരെ അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന് അറിഞ്ഞത്. സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകൻ, സ്പെഷൽ ബ്രാഞ്ച് എ.സി.പി സുമേഷ്, കുന്നംകുളം എ.സി.പി ഇൻ ചാർജ് കെ.ജി. സുരേഷ്, വടക്കാഞ്ചേരി ഹൗസ് സ്റ്റേഷൻ ഓഫിസർ കെ. മാധവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ തെളിവുകൾ ശേഖരിച്ചു. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. പൊലീസ് തുടർ നടപടി സ്വീകരിച്ചു.