മഞ്ചേരി: കരിങ്കല്‍ ഖനനത്തിന് സ്ഫോടകവസ്തു നിറക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിത്തെറിച്ച് അന്തർസംസ്ഥാന തൊഴിലാളി മരിച്ചു. നേപ്പാള്‍ റുസ്തി ജില്ലയിലെ കിങ് ബഹദൂറാണ് (35) മരിച്ചത്. തൃക്കലങ്ങോട് പഞ്ചായത്തിലെ കൂമങ്കുളത്ത് ഏറനാട് ഗ്രാനൈറ്റിന്റെ ക്വാറിയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഗുരുതരപരിക്കേറ്റ ബഹദൂറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ചുമാസമായി ക്വാറിയില്‍ പാറപൊട്ടിക്കാൻ മരുന്ന് നിറക്കുന്ന ജോലിചെയ്തുവരുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.