കൊയിലാണ്ടി: വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കോമത്തുകര തുളസി ദളത്തിൽ അൻഷിൻദേവ് (11) ആണ് ശനിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഡിസംബർ ഒന്നിന് രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് പിതാവ് സുനിൽ കുമാറിന്റെ കൂടെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിതവേഗത്തിൽ എത്തിയ മറ്റൊരു ബൈക്ക് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ സുനിൽ കുമാറിനും സാരമായി പരിക്കേറ്റു. സുനിൽ കുമാർ കൊയിലാണ്ടി എസ്.ബി.ഐയിൽ അപ്രൈസറാണ്. കൊയിലാണ്ടി ഇന്ത്യൻ പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ് അൻഷിൻദേവ്. എറണാകുളത്ത് നടന്ന സംസ്ഥാന കരാട്ടേ മത്സരത്തിൽ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയിരുന്നു. മാതാവ്: ബീന (കൊയിലാണ്ടി സഹകരണ ആശുപത്രി). സഹോദരി: സരിഷ്ണ (എം.ബി.ബി.എസ് വിദ്യാർഥിനി).