കോഴിക്കോട്: നഗരത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ബർദമാനിലെ സാദഖ് ഷെയ്ഖിനെയാണ് (30) വട്ടക്കാംപറമ്പിലെ ഗോഡൗണിന് പിൻവശം ആളൊഴിഞ്ഞ ഭാഗത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. പുഷ്പ ജങ്ഷനുസമീപത്തെ ടൈലറിങ് കടയിലെ ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച രാവിലെ പരിസരവാസികൾ അറിയിച്ച പ്രകാരമാണ് ടൗൺ പൊലീസ് സ്ഥലത്തെത്തിയത്. പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ കാര്യമായ പരിക്കുകളില്ലെന്നും തലയുടെ പിന്നിലായി ചെറിയ മുറിവുണ്ടെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാര്യത്തിൽ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു.